കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിലെ എം സി റോഡിൽ വയയ്ക്കൽ ആനാട്ട് ഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന്പേർ മരിച്ചു. ഓട്ടോ ഡ്രൈവർ തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ രഞ്ജിത്ത് (35), യാത്രക്കാരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തിൽ രമാദേവി (65), കൊച്ചുമകൾ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഗോപികയുടെ മാതാവ് ഉദയ(30)യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പൊലിക്കോട്ടു നിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടേയിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ടാണ് മൂന്ന് യാത്രക്കാരും മരിച്ചത്.
കമ്പംകോട് എൽ പി സ്കൂൾ വിദ്യാർഥിനിയായ ഗോപിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിതാവ് ഗോപുകുമാർ വിദേശത്താണ്. വയയ്ക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത്. ഭാര്യ: സുപർണ. മകൾ: ഋതിക.