Wednesday, April 14, 2021
Home News Kerala നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥിരാജാണ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോള്‍ ചെറുകുടലിന്റെ ഭാഗത്ത് നാണയം കണ്ടിരുന്നു.

എന്നാല്‍ കുഞ്ഞ് അസ്വസ്ഥകള്‍ പ്രകടിപ്പിക്കാത്തതിനാല്‍ വീട്ടിലേക്കു കൊണ്ടു പോകാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും നിര്‍ദേശിക്കുകയായിരുന്നു.

പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രിക് സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞു വിടുകയായിരുന്നെന്ന് അമ്മ പറഞ്ഞു. നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ചോറും പഴവും നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് മെഡിക്കല്‍ കോളജില്‍ നിന്നും തിരിച്ചയച്ച ഇവര്‍ വീട്ടിലേക്കു മടങ്ങി. പിന്നീട് രാത്രി കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം, വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Most Popular