മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കാന്‍ ഇനി സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. സംസ്ഥാനത്തോട് ചോദിക്കാതെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാനുളള അനുമതി പിന്‍വലിച്ചതോടെയാണിത്. ചാനല്‍ റേറ്റിങുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്ക് ടിവിയുടെ ഉടമസ്ഥരായ എആര്‍ജി ഔട്ട്ലിയര്‍ മീഡിയയും അര്‍ണാബ് ഗോസ്വാമിയും സമര്‍പ്പിച്ച ഹരജിയില്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടിആര്‍പി തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസും സിബിഐ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയത്.
സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അര്‍ണാബിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അര്‍ണാബ് ഗോസ്വാമിയി പ്രതി ചേര്ക്കുന്നുണ്ടെങ്കില് പൊലീസ് അദ്ദേഹത്തിന് സമന്‍സ് അയക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടുത്തമാസം അഞ്ചിനകം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും മുംബൈ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ടിആര്‍പി കേസില്‍ അന്വേഷണം തന്നെ ഇല്ലാതാക്കാനാണ് കേസ് സിബിഐക്ക് കൈമാറാനുളള നീക്കമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എആര്‍ജി ഔട്ട്ലിയര്‍ മീഡിയ കോടതിയില്‍ സമാനമായ വാദം ഉയര്‍ത്തിയതും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും എഫ്ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തതിന്റെ പിറ്റേന്നാണ് സംസ്ഥാനത്തോട് ചോദിക്കാതെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാനുളള അനുമതി പിന്‍വലിച്ചത്.