ഇസ്താംബൂൾ: അയാ സോഫിയക്ക് പിറകേ മറ്റൊരു മ്യൂസിയം കൂടി മുസ്ലിം പള്ളിയാക്കാൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉത്തരവിട്ടു. പുരാതന ഓർത്തഡോക്സ് പള്ളിയായിരുന്ന കാരിയേ മ്യൂസിയമാണ് മുസ്ലിം പള്ളിയാക്കി മാറ്റുന്നത്. ക്രിസ്ത്യൻ പള്ളിയായിരുന്നപ്പോൾ ചോറ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് കുറച്ച് കാലം മുസ്ലിം പള്ളിയാക്കിയിരുന്നു. അതിനു ശേഷമാണ് കാരിയേ എന്ന പേരിൽ മ്യൂസിയമാക്കി മാറ്റിയത്.
ഇസ്താംബൂളിലെ തന്നെ അയാ സോഫിയ നിർമിതി പള്ളിയാക്കി മാറ്റി ഒരു മാസം പിന്നിടുമ്പോഴാണ് ഇതും മസ്ജിദാക്കുന്നത്.
കഴിഞ്ഞ നവംബറിലെ കോടതി വിധിയനുസരിച്ചാണ് കാരിയേ മ്യൂസിയം പള്ളിയാക്കുന്നതെന്ന് തുർക്കി ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കുന്നു. ആയിരം വർഷം പഴക്കമുള്ള നിർമിതിയാണ് ചോറ ചർച്ച്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ നിർമിതി മ്യൂസിയമാക്കുന്നത്. 1958ൽ ഇവിടം പൊതു സന്ദർശനത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
അയാ സോഫിയ പള്ളിയാക്കി മാറ്റിയ ശേഷവും അവിടെ സന്ദർശകരെ അനുവദിക്കുന്നുണ്ട്. ഇതേ മാതൃകയിൽ കാരിയേയിൽ സന്ദർശകരെ അനുവദിക്കുമോ എന്ന് വ്യക്തമല്ല. അയാ സോഫിയ പള്ളിയാക്കി പുനഃപരിവർത്തിപ്പിച്ചതിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.