പെട്ടിമുടിയില്‍ രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മരണം 28 ആയി. അതേസമയം, രക്ഷാപ്രവര്‍ത്തകരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ആലപ്പുഴയില്‍ നിന്ന് വന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ് കോവിഡ് പരിശോധന പോസിറ്റീവ് ആയത്.  മൂന്നാറിലെ രാജമലയ്ക്കടുത്തുള്ള പെട്ടിമുടിയില്‍ വ്യാഴാഴ്ച രാത്രിയാണ് ഉരുള്‍ പൊട്ടലുണ്ടായത്. 39ഓളം പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇടുക്കിയില്‍ അതിതീവ്രമഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.

മൂന്ന് ലയങ്ങളിലായി എട്ട് വീടുകളില്‍ താമസിക്കുന്ന 80 പേരാണ് ദുരിതത്തിന് ഇരയായത്. വെള്ളിയാഴ്ച നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 13 മൃതദേഹങ്ങള്‍ ലഭിക്കുകയും ഗുരുതര പരിക്കുകളോടെ നിരവധി പേരെ കണ്ടെത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നാല് പേര്‍ പിന്നീട് മരിച്ചു. ശനിയാഴ്ച ഒമ്പത് മൃതദേഹങ്ങളാണ് ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്.

പെട്ടിമുടിക്ക് താഴെ ഒരു വെള്ളച്ചാലുണ്ടായിരുന്നത് ഉരുള്‍ പൊട്ടിയ വെള്ളം കൂടി നിറഞ്ഞ് ഒരു പുഴ പോലെയായിരിക്കുകയാണ്. ഈ പുഴയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ചിലര്‍ ഇത് വഴി ഒഴുകിപ്പോയിരിക്കാമെന്നാണ് തിരച്ചില്‍ സംഘം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരവികുളം നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായ നേര്യമംഗലം കാട്ടിലൂടെയാണ് ഉരുള്‍ പൊട്ടിയ വെള്ളം ഒഴുകുന്നത് എന്നതിനാല്‍ പാറകളില്‍ തട്ടിത്തെറിച്ച് മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി പോകാനുള്ള സാധ്യതകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായതു കൊണ്ട് ആരും പ്രവേശിക്കാത്ത ഭാഗമാണ് ഇത്.

ആദ്യത്തെ ദിവസം പുറത്തെടുത്ത 14 പേരെ മാത്രമേ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചുള്ളൂ. പെട്ടിമുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്യാന്റീനില്‍ ആയിരുന്നു തൊഴിലാളികളുടെ കൃത്യമായ കണക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഈ ക്യാന്റീനും മണ്ണിനടിയില്‍പെട്ടതിനാല്‍ കണ്ടെത്തേണ്ട ആളുകളുടെ കണക്ക് കൃത്യമല്ല.