
ഫൈസര്‍ കോവിഡ് വാക്സിന് യു.കെ അനുമതി നല്കി ; അടുത്ത ആഴ്ച മുതല്‍ വിതരണം
ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും.
ഫൈസര്‍-ബയേണ്‍ടെക്കിന്റെ കോവിഡ് -19 വാക്സിന് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു.
വാക്സിന് യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്മാന് ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.
പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്സിന് വിതരണം ചെയ്യുക. വാക്സിന്റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.
ഒരു കോടിയോളം വാക്സിന് ഡോസുകള്‍ ഉടന്‍ ലഭ്യമാകും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകള്‍ യുകെയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത് ആത്യന്തികമായി നമ്മുടെ ജീവിതം വീണ്ടെടുക്കാനും സമ്പദ്വ്യവസ്ഥയെ വീണ്ടും ചലിപ്പിക്കാനും വാക്സിന് വിതരണത്തിലൂടെ സാധ്യമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രത്യാശ പ്രകടിപ്പിച്ചു.
50 ഓളം ആശുപത്രികളും കോണ്‍ഫറന്‍സ് ഹാളുകളുമാണ് വാക്സിന് വിതരണത്തിനായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യു.കെ.ഹെല്‍ത്ത് സര്‍വീസ് ചീഫ് എക്സിക്യുട്ടീവ് പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചാലും ആളുകള്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു