ലക്നൗ: ഉത്തർ പ്രദേശിലെ ഹത്രാസിൽ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം നാക്കു മുറിച്ചെടുത്ത കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സവർണ ജാതിക്കാരായ സന്ദീപ്, ഇയാളുടെ അമ്മാവൻ രവി, സുഹൃത്ത് ലുവ് കുഷ്, രാമു എന്നിവരാണ് പിടിയിലായത്.
അതേസമയം, അലിഗഢിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.
ഈ മാസം 14നാണ് 19കാരിയായ യുവതി ബലാത്സംഗത്തിനിരയായത്. മാതാവിനും സഹോദരനുമൊപ്പം പുല്ല് ശേഖരിക്കാൻ വയലിൽ പോയപ്പോഴാണ് സംഭവം. സഹോദരൻ പുല്ലുമായി വീട്ടിലേക്ക് തിരിക്കുകയും മാതാവ് പുല്ലുവെട്ടി കുറച്ചപ്പുറത്തേക്ക് നീങ്ങുകയും ചെയ്ത സമയത്താണ് ക്രൂരമായ ബലാത്സംഗം നടന്നത്. യുവതിയുടെ കഴുത്തിൽ ദുപ്പട്ട കൊണ്ട് മുറുക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
കുറച്ചു സമയത്തിനു ശേഷം മകളെ കാണാനില്ലെന്നു തിരിച്ചറിഞ്ഞ മാതാവും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയെ ബോധരഹിതയായ നിലയിൽ വയലിൽ കണ്ടെത്തിയത്. എന്നാൽ, പരാതി നൽകി നാലഞ്ച് ദിവസത്തോളം പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
കൂട്ട ബലാത്സംഗം, കൊലപാതക ശ്രമം, ദലിത് സംരക്ഷണ നിയമം എന്നീ ഐ പി സി വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി ഹത്രസ് എസ് പി. വിക്രന്ത് വിർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞതായും കുറ്റപത്രം തയാറാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ രേഖകളും അടിയന്തര നടപടിക്കായി അതിവേഗ കോടതിയിൽ സമർപ്പിക്കും.