News Flash
X
യു.എസ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് ഒരു വോട്ട്

യു.എസ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് ഒരു വോട്ട്

personTF access_timeMonday October 26, 2020
HIGHLIGHTS
നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ് യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ബഹിരാകാശത്തുനിന്ന്

അറ്റ്‌ലാന്റ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിന്‍സ് യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ബഹിരാകാശത്തുനിന്ന്. യു.എസുകാരിയായ കേറ്റ് റൂബിന്‍സ് മാത്രമാണ് ബഹിരാകാശ നിലയത്തില്‍ താമസിക്കുന്നത്. നവംബര്‍ മൂന്നിനാണ് യു.എസ് തെരഞ്ഞെടുപ്പ്. കഴിഞ്ഞയാഴ്ച സ്‌പേസ് സ്‌റ്റേഷനില്‍വെച്ച് കേറ്റ് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
`രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഞാന്‍ വോട്ട് ചെയ്തു ,കേറ്റ് റൂബിന്‍സ്’ എന്ന അടിക്കുറിപ്പോടെ ഒക്‌ടോബര്‍ 22ന് കേറ്റ് റൂബിന്‍സിന്റെ ചിത്രം നാസ ട്വിറ്ററില്‍ പങ്കുവെച്ചു. ഐ.എസ്.എസ് വോട്ടിങ് ബൂത്തിന് മുന്നില്‍നില്‍ക്കുന്ന കേറ്റിന്റെ ചിത്രമാണ് പങ്കുവെച്ചത്.
എല്ലാവരും വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ബഹിരാകാശത്തുനിന്ന് ഞങ്ങള്‍ക്കത് ചെയ്യാനാകുമെങ്കില്‍ ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ .ഇങ്ങനെ പറയുന്ന കേറ്റിന്റെ വിഡിയോയും നാസ പങ്കുവെച്ചു.

ഒക്‌ടോബര്‍ 14നാണ് കേറ്റ് റൂബിന്‍സും രണ്ട് റഷ്യന്‍ ക്രൂമേറ്റ്‌സും ബഹിരാകാശത്ത് താമസിക്കാനായി പുറപ്പെടുന്നത്. ലേസര്‍ കൂള്‍ഡ് ആറ്റങ്ങളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായിരുന്നു കേറ്റിന്റെ ബഹിരാകാശ യാത്ര. ആദ്യമായല്ല ബഹിരാകാശത്തുനിന്ന് ശാസ്ത്രജ്ഞര്‍ വോട്ട് രേഖപ്പെടുത്തുന്നത്.
യു.എസിന്റെ ബഹിരാകാശ സഞ്ചാരികള്‍ ടെക്‌സാസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ബഹിരാകാശത്തുനിന്ന് ഇലക്‌ട്രോണിക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ ടെക്‌സാസിലെ നിയമം അനുശാസിക്കുന്നുണ്ട്. മിഷന്‍ കണ്‍ട്രോള്‍ ഇലക്‌ട്രോണിക് ബാലറ്റ് ബഹിരാകാശത്തേക്ക് അയക്കുകയും അവിടെനിന്ന് വോട്ട് രേഖപ്പെടുത്തി തിരിച്ചയക്കുകയുമാണ് ചെയ്യുക.
ബഹിരാകാശ യാത്രികന്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ക്ലാര്‍ക്ക് ഓഫിസിലേക്ക് ഇമെയില്‍ വഴി അയച്ചുനല്‍കും. ഇതോടെ ബഹിരാകാശ യാത്രികന്റെ വോട്ട് അധികൃതര്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യും.

SHARE :
folder_openTags
content_copyCategory