Saturday, July 24, 2021
Home News Kerala ഉത്ര വധക്കേസ്: സൂരജിന്റെ മാതാവും സഹോദരിയും അറസ്റ്റിൽ

ഉത്ര വധക്കേസ്: സൂരജിന്റെ മാതാവും സഹോദരിയും അറസ്റ്റിൽ

കൊല്ലം: ഉത്ര വധക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

നേരത്തെ മൂന്ന് തവണ സൂരജിന്റെ മാതാവിനെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉത്ര ഗാർഹിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിന്റെ കുറ്റപത്രത്തിൽ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപെടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.

കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കൊല്ലം അഞ്ചലിൽ പിഞ്ചുകുഞ്ഞിന്റെ അമ്മയായ ഉത്രയെ ഭർത്താവ് സൂരജ് കിടപ്പുമുറിയിൽ വെച്ച് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Most Popular