ലൈസൻസുമില്ല, മാസ്കുമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാൻ ഷർട്ടില്ലാതെ ബൈക്കോടിച്ച് യുവാവിന്റെ പ്രകടനം

കൊച്ചി:സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാൻ ഷർട്ടില്ലാതെ ബൈക്കോടിച്ച് യുവാവിന്റെ പ്രകടനം. നിയമം ലംഘിച്ച് ബൈക്ക് ഓടിച്ച യുവാവ് എറണാകുളം ചെറായിയിൽ പിടിയിലായി. ലൈസൻസും, ഹെൽമറ്റും , മാസ്കും ഇല്ലാതെയായിരുന്നു ബൈക്ക് സവാരി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ ദൃശ്യം. ഹെൽമറ്റില്ല , മാസ്കില്ല , എന്തിനേറെ ഷർട്ടുപോലുമില്ല. രൂപമാറ്റം വരുത്തിയ ബൈക്കാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം. പൊലീസ് നടത്തിയ അന്വേഷണത്തിലാണു ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യൻ പിടിയിലായത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസൻസില്ലാതെയും ഹെൽറ്റില്ലാതെയും വാഹനമോടിച്ചതിനും യുവാവിനെതിരെ മുനമ്പം പൊലീസ് കേസെടുത്തു. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.