Sunday, December 4, 2022
HomeNewsKeralaവിസ്മയയുടെ മരണം: കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

വിസ്മയയുടെ മരണം: കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. ഭർത്താവ് കിരണിന്റെ വീട്ടുകാരെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കിരണ്‍ മര്‍ദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളുടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഈ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസില്‍ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുക.

പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. വിസ്മയയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തത വരുകയുള്ളു.

കിരണിന്‍റെ കുടുംബാംഗങ്ങള്‍ക്ക് വിസ്മയയുടെ മരണത്തില്‍ പങ്കുണ്ട് എന്ന അരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുകളുടെയും സഹപാഠികളുടെയും മൊഴി നിര്‍ണ്ണായകമാണ്. ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലുള്ള കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.

വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ ഭര്‍ത്താവ് കിരണ്‍ കുമാറും ബന്ധുക്കളും നടത്തിയ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാന്‍ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. ചടയമംഗലം പോലീസ് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കിയ മര്‍ദ്ദനക്കേസ് പുനരന്വേഷിക്കണമെന്ന വിസ്മയയുടെ കുടുംബത്തിന്‍റെ ആവശ്യം പോലിസ് പരിശോധിക്കുന്നുണ്ട്.

Most Popular