Tuesday, May 11, 2021
Home News Kerala മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു; തമിഴ്‌നാട് രണ്ടാം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു; തമിഴ്‌നാട് രണ്ടാം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കി. 136 അടിയിലെത്തിയാല്‍ സ്പില്‍വെ വഴി വെള്ളം ഒഴുക്കി വിടാനായി കേരളം തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ എത്തുന്നത്. പരമാവധി സംഭരണശേഷിയിലേക്ക് എത്താതെ 136 അടി എത്തുമ്പോള്‍ തന്നെ കുറച്ച് വെള്ളം സ്പില്‍വേ വഴി ഒഴുക്കിവിടുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കും. ഇതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി തമിഴ്നാടിന് കത്തയച്ചിരുന്നു.

അണക്കെട്ട് തുറന്നാല്‍ വണ്ടിപ്പെരിയാര്‍, മഞ്ജുമല പ്രദേശങ്ങളില്‍ നിന്നായി 1700ഓളം ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പകല്‍ സമയത്ത് മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളുവെന്നും തുറക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

Most Popular