രണ്ടായിരത്തിന്റെ നോട്ടുകൾ കൈവശം വച്ചാൽ ഇനി എന്ത് സംഭവിക്കും?

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും പ്രാബല്യത്തില്‍ തുടരുമെന്ന റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ ആശയകുഴപ്പം തുടരുകയാണ്. രണ്ടായിരത്തിന്റെ നോട്ടുകൾ കൈവശം വച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ “ക്ലീൻ നോട്ട് നയം” പ്രകാരമാണ് പ്രചാരത്തിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഈ സമയപരിധിക്കുള്ളില്‍ നോട്ടുകള്‍ മാറ്റിയെടുക്കണമെന്ന് കര്‍ശന സ്വരത്തിലല്ല റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

എന്നാല്‍ സെപ്റ്റംബര്‍ 30ന് ശേഷം നോട്ടിന് എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സമയപരിധി നിശ്ചയിച്ച സ്ഥിതിക്ക് സെപ്റ്റംബര്‍ 30ന് ശേഷം നോട്ട് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് പൊതുധാരണ. എന്നാല്‍ നോട്ട് പ്രാബല്യത്തില്‍ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കര്‍ശന വ്യവസ്ഥ വെയ്ക്കാത്ത സ്ഥിതിക്ക് സെപ്റ്റംബര്‍ 30ന് ശേഷവും 2000 രൂപ നോട്ട് ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിച്ചേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനോടകം തന്നെ 2000 രൂപയുടെ ഒട്ടുമിക്ക നോട്ടുകളെയും തിരിച്ചെത്തിക്കാനാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാര്‍.

നിലവില്‍ സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും സെപ്റ്റംബര്‍ 30നകം നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി ചില്ലറ നോട്ടുകളായി മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് നോട്ടിന് പരിധിയില്ല. എന്നാല്‍ മാറ്റിയെടുക്കുന്നതിന് പരിധിയുണ്ട്. ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ.