Monday, July 26, 2021
Home News National 'ലവ് ജിഹാദ്' അവസാനിപ്പിക്കണമെന്ന യോഗി ആദിത്യനാഥിന്റെ നിർദേശം വിവാദത്തിൽ

‘ലവ് ജിഹാദ്’ അവസാനിപ്പിക്കണമെന്ന യോഗി ആദിത്യനാഥിന്റെ നിർദേശം വിവാദത്തിൽ

ലക്‌നൗ: ഉന്നത ഉദ്യോഗസ്ഥരോട് ലവ് ജിഹാദ് അവസാനിപ്പിക്കണമെന്ന് നിർദേശം നൽകിയ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടാണ് ലവ് ജിഹാദ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗി അദിത്യനാഥ് നിർദേശം നൽകിയത്.

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള പ്രത്യേകിച്ച് ഹിന്ദു സ്ത്രിയും മുസ്ലീം പുരുഷനും തമ്മിലുള്ള പ്രണയബന്ധവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ വികസിപ്പിച്ച വർഗീയവിദ്വേഷ പദപ്രയോഗമാണ് ലവ് ജിഹാദ്. കാൺപൂർ, മീററ്റ്, ലഖിംപൂർ ഖേരി എന്നിവിടങ്ങളിൽ ഹിന്ദു പെൺകുട്ടികളെ ലവ്ജിഹാദിൽ പെടുത്തിയെന്ന് ചില ഉദ്യോഗസ്ഥരും ആരോപിക്കുന്നുണ്ട്.

ഹിന്ദു പെൺകുട്ടികളെ വിവാഹത്തിനും മതപരിവർത്തനത്തിനും മുസ്ലീ സമുദായക്കാർ നിർബന്ധിച്ചു എന്നാണ് യുപി പോലീസിലെ ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നത്. ഇതുകൊണ്ടാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ നിർദ്ദേശം നൽകിയത് എന്നാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ മൃത്യുഞ്ജയ് കുമാർ പറഞ്ഞത്.

ഇതൊരു സാമൂഹികപ്രശ്‌നമാണ്. ഇത് അവസാനിപ്പിക്കണമെങ്കിൽ ഇതിനെ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണം. കാർക്കശ്യത്തോടെ അത് നടപ്പാക്കണം. എല്ലാവർക്കും സോഷ്യൽമീഡിയ ലഭ്യമായ കാലമാണ്. ഇത് മറ്റുള്ളവരെ സ്വാധീനിക്കുന്നു – യോഗത്തിൽ പങ്കെടുത്ത ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി പറഞ്ഞു. ഇത്തരം കേസുകളുടെ അതിവേഗ വിചാരണ നടത്തണം. കൊറോണ വൈറസ് മൂലം ‘ലവ് ജിഹാദ്’ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അവസ്ഥി ആശങ്കപ്പെട്ടു. ‘ലവ് ജിഹാദ്’ കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടരുത്. നിലവിലുള്ള നിയമം തന്നെ ലവ് ജിഹാദിനെ നേരിടാൻ ധാരാളമാണെന്ന് അവസ്തി അഭിപ്രായപ്പെട്ടു.

കാൺപൂരിലെ ജൂഹി കോളനിയിൽ അടുത്തിടെയുണ്ടായ ഭിന്ന മത വിവാഹങ്ങൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിർബന്ധിത മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനെന്ന് പറഞ്ഞ് ഒരു പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിരുന്നു. സ്ത്രീകളെ ബ്രെയിൻ വാഷ് ചെയ്ത് വിവാഹം കഴിക്കുന്നു, നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നെല്ലാമാണ് എസ്‌ഐടിയുടെ ആരോപണങ്ങൾ. ഇതര മതസ്ഥരെ വിവാഹം ചെയ്ത അഞ്ച് ഹിന്ദു യുവതികളുടെ കുടുംബങ്ങളാണ് പോലീസിന് പരാതി നൽകിയത്. സ്ത്രീകളെ ബ്രെയിൻവാഷ് ചെയ്ത് വിവാഹത്തിന് മുമ്പ് മതപരിവർത്തനം നടത്തിയതായാണ് ഇവരുടെ ആരോപണം.

ലഖിംപൂർ ഖേരിയിലും മീററ്റിലും അടുത്തിടെ നടന്ന രണ്ട ബലാത്സംഗക്കൊലകൾ ലവ് ജിഹാദിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ് യുപി പോലീസ് ആരോപിക്കുന്നത്. ലഖിംപൂർ ഖേരിയിൽ ഈയാഴ്ച ആദ്യം ബലാത്സംഗത്തിനിരയായി കൗമാരക്കാരി കൊല്ലപ്പെട്ട കേസിൽ ദിൽഷാദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മീററ്റിൽ ഷംഷാദ് എന്നയാൾ ഹിന്ദു പേരിൽ പരിചയപ്പെട്ട് ഹിന്ദു യുവതിയെ ബ്രെയിൻ വാഷ് ചെയ്യുകയും വിവാഹ വാഗ്ദാനം നൽകി എന്നുമാണ് ആരോപണം. യുവതിയും അമ്മയും കൊല്ലപ്പെട്ടിരുന്നു

Most Popular