ഹത്രാസ് പ്രതിഷേധങ്ങൾക്കെതിരേ വിദ്വേഷ പ്രസ്താവനയുമായി യോഗി

yogi-adityanath

ലഖ്നൗ: ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ ഉയരുന്ന പ്രതിഷേഘധങ്ങൾക്കെതിരെ പ്രകോപനകരവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്താവനയുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരേയും കോവിഡ് പരത്താൻ ശ്രമിച്ച തബ്ലീഗ് ജമാഅത്തുകാരെ നേരിട്ടത് പോലെയും നേരിടുമെന്നാണ് യോഗി ആദിത്യനാഥ് ഭീഷണി മുഴക്കിയത്.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിന് ശ്രമിച്ചവരെയും ‘കോവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്തുകാരേയും അവരെ സംരക്ഷിച്ചവരെയും സർക്കാർ എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി ചൂണ്ടിക്കാട്ടി.

സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക ജാതിക്കോ, മതത്തിനോ വേണ്ടിയല്ല. എല്ലാവരുടേയും സുരക്ഷക്കാണ് പ്രവർത്തിക്കുന്നത്. എന്നാൽ ആരെയും പ്രീതിപ്പെടുത്താനില്ല. സർക്കാറിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തുകയെന്നല്ലാതെ പ്രതിപക്ഷത്തിന് വേറെ പണികളൊന്നുമില്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും യോഗി കൂട്ടിച്ചേർത്തു.

ഒരു വശത്ത്, ബി.ജെ.പി പ്രവർത്തകർ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിനൊപ്പം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. എന്നാൽ വികസനം ഇഷ്ടപ്പെടാത്ത ചിലർ അതിന് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും യോഗി പറഞ്ഞു.

സർക്കാരിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ ജാതി-വർഗീയ ശത്രുത വളർത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് ചിലരെന്നും എന്നാൽ ഒരു പ്രത്യേക ജാതിയ്ക്കോ മതത്തിനോ വേണ്ടിയല്ല താൻ പ്രവർത്തിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയും വികസനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിന് ശേഷം യു.പി സർക്കാരിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. വിഷയത്തിൽ കൃത്യമായ നടപടിയെടുക്കുന്നതിൽ യോഗി സർക്കാർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.