അമേരിക്കയില്‍നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മുംബൈ: അമേരിക്കയിൽ നിന്ന് കോവിഡിന്റെ മൂന്നു ഡോസ് വാക്‌സിനെടുത്ത് മുംബയിൽ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നാണ് ഇദ്ദേഹം മടങ്ങിയെത്തിയത്. നിലവിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണിദ്ദേഹം.

ഫൈസറിന്‍റെ മൂന്ന് ഡോസ് കോവിഡ് വാക്സിനാണ് യുവാവ് എടുത്തത്. ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 40 പേർ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടി.

വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും, ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവിൽ രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനാണ് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.