പട്ടാപകൽ വീട് ആക്രമിച്ച് യുവാവിനെ വെട്ടിക്കൊന്ന കേസ്; പത്തുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം; തിരുവനന്തപുരത്ത് പട്ടാപകൽ വീട് ആക്രമിച്ച് യുവാവിനെ വെട്ടിക്കൊന്ന കേസിൽ പത്തുപേർ കസ്റ്റഡിയിൽ. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തി, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും കസ്റ്റഡിയിലായ പത്തുപേരിലുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിക്കുകയായിരുന്നു.