സൗദിയില്‍ ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം

സൗദിയില്‍ അപകടത്തില്‍പ്പെട്ട ഉംറ തീര്‍ഥാടകരുടെ ബസ്

ചുരത്തിലേക്കു മറിഞ്ഞ ബസിനു തീപിടിച്ചു * പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരും

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു തീപിടിച്ച അപകടത്തില്‍ 20 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ ബസിലുണ്ടായിരുന്നു.

മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവരാണ് പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ജിദ്ദ റൂട്ടില്‍ അബഹയ്ക്കും മഹായിലിനും ഇടയില്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞു തീപിടിച്ച് കത്തുകയായിരുന്നു. ബ്രേക്കിനു സംഭവിച്ച തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അബഹയില്‍ ഏഷ്യക്കാര്‍ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജന്‍സിക്ക് കീഴില്‍ തീര്‍ഥാടനത്തിനെത്തിയവരാണ് ബസിലുണ്ടായിരുന്നത്. 47 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാന്‍ പൗരന്മാരും ഓരോ ഈജിപ്ഷ്യന്‍, പാക്കിസ്ഥാന്‍ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ഥാടകരാണ്.