Friday, December 9, 2022
HomeGulfമഴയിൽ വാഹനങ്ങളുമായി അഭ്യാസം; യുവാക്കളുടെ വാഹനങ്ങൾ പിടിച്ചെടുത്ത് യുഎഇ പോലീസ്

മഴയിൽ വാഹനങ്ങളുമായി അഭ്യാസം; യുവാക്കളുടെ വാഹനങ്ങൾ പിടിച്ചെടുത്ത് യുഎഇ പോലീസ്

ദുബൈ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വാഹനങ്ങളുമായി റോഡിലിറങ്ങി അഭ്യാസം കാണിച്ച യുവാക്കളുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. അഭ്യാസ പ്രകടങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്.

സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികളാണ് യുവാക്കളില്‍ നിന്നുണ്ടായതെന്ന് ദുബൈ പൊലീസ് പ്രതികരിച്ചു.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ വാഹനങ്ങള്‍ തിരിച്ചറിയുകയും ഡ്രൈവര്‍മാരെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈല്‍ അല്‍ മസ്‍റൂഇ പറ‍ഞ്ഞു. തുടര്‍ന്ന് നിയമപ്രകാരം ഇവര്‍ക്ക് പിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‍തു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപ്പോള്‍ തന്നെ പിടിച്ചെടുക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ പൊലീസിന്റെ ‘വി ആര്‍ ഓള്‍ പൊലീസ്’ പ്ലാറ്റ്‍ഫോം വഴി അവ റിപ്പോര്‍ട്ട് ചെയ്യണമെന്നും മേജര്‍ ജനറല്‍ അല്‍ മസ്റൂഇ പറഞ്ഞു.

Most Popular