കൊച്ചി: മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് നടന്‍ ഇന്നസെന്റ് അന്തരിച്ചു. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്നസെന്റ് അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ നടന്‍ ജയറാം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ദിലീപ്, മധുപാല്‍, പ്രൊഡ്യൂസര്‍മാരായ ആന്റോ ജോസഫ് മറ്റു ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം ഇന്നസെന്റിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തി.
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഇന്നസെന്റ് ചാലക്കുടി മുന്‍ എംപിയുമാണ്. ജനപ്രിയനായ നടന്‍ എന്നതുപോലെ ജനപ്രിയനായ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യനടനും സ്വഭാവനടനുമായി തിളങ്ങിയ അദ്ദേഹം മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി 750-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പൂര്‍വഭാരങ്ങളില്ലാത്ത, സ്വതസിദ്ധമായ അഭിനയശൈലിക്കുടമയായിരുന്നു ഇന്നസെന്റ്. തൃശൂര്‍ ശൈലിയുള്ള സംഭാഷണങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഇന്നസെന്റ് ഓരോ മലയാളിക്കും സ്വന്തം കുടുംബാംഗത്തെപ്പോലെയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ മഹാനടന്‍ അരങ്ങൊഴിയുമ്പോള്‍ വെള്ളിത്തിരയില്‍ വലിയ ശൂന്യതയായിരിക്കും ഇനി മലയാളിക്ക് അനുഭവപ്പെടുക.