പെണ്ണുങ്ങളേ… ഇങ്ങനെ തേയ്ക്കാമോ..! ‘ഒരു യുവാവിനു കിട്ടിയ വല്ലാത്ത തേപ്പ്’

തൊരു വല്ലാത്ത തേപ്പായിപ്പോയി. കണ്ടവരെല്ലാം ആ യുവാവിനോടു സഹതപിച്ചു. ചിലര്‍ അവളു പോയി പണി നോക്കട്ടെടാ… എന്നു പറഞ്ഞു. എന്തായാലും പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ചൈനയില്‍ നിന്നുള്ള കാമുകന്റെ കഥ ഒരു ‘കഥ’ യാണ്. അത്രയ്ക്കു വലിയ തേപ്പാണ് കക്ഷിക്കു കിട്ടിയത്.

പിണങ്ങിപ്പോയ കാമുകി തിരിച്ചുവരണമെന്ന് അപേക്ഷിച്ച് 21 മണിക്കൂറാണ് ചൈനീസ് യുവാവു മുട്ടുകുത്തിനിന്നത്. കാമുകിയുടെ ഓഫിസ് കെട്ടിടത്തിന്റെ കവാടത്തിലാണ് കാമുകന്‍ ‘മുട്ടുകുത്തി അപേക്ഷ’ നടത്തിയത്. യുവാവിന്റെ പ്രവൃത്തികണ്ട് ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. കടുത്ത മഴയും തണുപ്പും അവഗണിച്ചാണ് യുവകാമുകന്‍ 21 മണിക്കൂറോളം മുട്ടുകുത്തി നിന്നത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണു സംഭവം. മാര്‍ച്ച് 28ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പിറ്റേദിവസം രാവിലെ പത്തുവരെയാണു യുവാവ് മുട്ടുകുത്തി നിന്നത്. രാവിലെ റോസാപ്പൂക്കളുമായാണ് അയാള്‍ എത്തിയത്. യുവാവ് മണിക്കൂറോളം നില്‍പ്പു തുടര്‍ന്നപ്പോള്‍ പലരും അനുനയിപ്പിക്കാനും പിന്തിരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ കാമുകി തന്റെ ജീവിതത്തിലേക്കു മടങ്ങിവരണമെന്ന ആവശ്യത്തില്‍നിന്നു യുവാവ് പിന്മാറിയില്ല.

തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാന്‍ പോലീസും എത്തി. യുവാവിനോട് മടങ്ങിപ്പോകണമെന്നും കാമുകിയെ തിരികെ വിളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞുനോക്കി. പ്രണയം തലയ്ക്കുപിടിച്ച യുവാവ് പിന്മാറിയില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് അവള്‍ പിരിഞ്ഞുപോയതെന്നും മാപ്പു ചോദിക്കാനും അവളെ ജീവിതത്തിലേക്കു തിരികെ വിളിക്കാനാണു താന്‍ വന്നതെന്നും യുവാവു പോലീസിനോടും പറഞ്ഞു.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, തേപ്പുകിട്ടിയ യുവാവിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടില്ല.