അമീര്‍ കപ്പ് ഫൈനല്‍ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ മേയ് 12ന്

ദോഹ: അമ്പത്തിയൊന്നാമത് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം മേയ് 12ന് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടക്കും. 24, 25നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. അല്‍ ഷഹാനിയ അല്‍ സദ്ദിനെയും അല്‍ സെയ്‌ലിയ അല്‍ അറബിയെയും നേരിടും.

2020ല്‍ നടന്ന 48-ാമത് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലാണു നടന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിനിര്‍ത്തി, അന്ന് അല്‍ സദ്ദ് 2-1 ന് അല്‍ അറബിയെ പരാജയപ്പെടുത്തി ചാംപ്യന്‍പട്ടം കരസ്ഥമാക്കുകയും ചെയ്തു. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ഖത്തറിലെ നാലാമത്തെ സ്‌റ്റേഡിയം എന്ന നിലയില്‍ അഹമ്മദ് ബിന്‍ അലിയില്‍ അരങ്ങേറിയ അവേശോജ്വലമായ ഉദ്ഘാടന മത്സരമായിരുന്നു അന്നു നടന്നത്.

ലോകകപ്പില്‍ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം ഉള്‍പ്പെടെ ഏഴു മത്സരങ്ങള്‍ക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബി ആദ്യ റൗണ്ടില്‍ യുഎസ്എയും വെയില്‍സും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു സ്‌റ്റേഡിയം ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് മത്സരം. ബെല്‍ജിയം-കാനഡ, വെയില്‍സ്-ഇറാന്‍, ജപ്പാന്‍-കോസ്റ്റാറിക്ക, വെയില്‍സ്-ഇംഗ്ലണ്ട്, ക്രൊയേഷ്യ- ബെല്‍ജിയം എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കും സ്‌റ്റേഡിയം വേദിയായി. 45,302 പേരെ ഒരേ സമയം സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാകും.

ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന സെറ്റില്‍മെന്റുകളിലൊന്നായ ഉമ്മുല്‍ അഫായി മേഖലയിലാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. സ്‌റ്റേഡിയത്തിന്റെയും ചുറ്റുമുള്ള കെട്ടിടങ്ങളുടെയും രൂപകല്‍പ്പന പ്രാദേശിക സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും വിളിച്ചോതുന്നതാണ്. അല്‍ റയ്യാന്‍ ക്ലബിന്റെ ആസ്ഥാനം കൂടിയാണ് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം.