കോപ്പ അമേരിക്ക ഫുട്ബോളില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയല്‍ ആരാധകര്‍ തമ്മിലുള്ള പോരിന് ആക്കം വര്‍ധിച്ചു. ബ്രസീല്‍ ആരാധകരെ കളിയാക്കി ട്രോളുകളുടെ മഴയാണ്.
ഇതില്‍ പ്രവാസ ലോകത്ത് നിന്നുള്ള ഏറ്റവും രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അര്‍ജന്റീനാ ആരാധകനായ റൂംമേറ്റിനെ കസേരയെടുത്ത് തല്ലാനൊരുങ്ങുന്ന ബ്രസീല്‍ ആരാധകന്റെ വീഡിയോ ആണിത്. അര്‍ജന്റീനാ ആരാധകന്‍ വട്ടംചുറ്റി നൃത്തംചെയ്തപ്പോള്‍ പ്രകോപിതനായ ബ്രസീല്‍ ആരാധകന്‍ കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ.
പ്രവാസി ഫുട്ബോള്‍ ആരാധകരാണ് ഇരുവരും. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ അര്‍ഷദ് പേരപ്പുറവും അബ്ദുല്‍ ലത്തീഫ് പൊന്നച്ചനുമായിരുന്നു വിഡിയോയില്‍. ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇരുവര്‍ക്കും ജോലി. അര്‍ഷദിന്റെ പ്രകോപനത്തില്‍ കലിമൂത്ത ലത്തീഫ് ആണ് കസേരയെടുത്ത് അടിക്കാനോങ്ങുന്നത്. സമീപത്ത് നിന്ന് മറ്റുള്ളവര്‍ ആര്‍ത്ത് ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
എന്നാല്‍ ഈ വീഡിയോ ബ്രസീല്‍ ഫാനായ അച്ഛനും അര്‍ജന്റീനാ ഫാന്‍ ആയ മകനും എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ‘ബാപ്പ ബ്രസീല്‍ ഫാനും മകന്‍ അര്‍ജന്റീന ഫാനും ആയാല്‍ ഇങ്ങനെയിരിക്കും’, ‘എന്റെ വീട്ടിലും ഇങ്ങനെയായിരുന്നു’ എന്നിങ്ങനെ വിവിധ ക്യാപ്ഷനുകളിലായിരുന്നു വീഡിയോ വന്നത്.