ഫ്രാന്‍സില്‍ സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് 4 പേര്‍ മരിച്ചു; കാണാതായ 4 പേര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു

പാരിസ്: ഫ്രാന്‍സില്‍ സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു. നാലു പേരെ കാണാതായി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഫ്രാന്‍സിലെ മാഴ്‌സെ പട്ടണത്തിലെ രണ്ട് കെട്ടിടങ്ങളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്. സമീപത്തെ 30ഓളം കെട്ടിടങ്ങളില്‍ 200 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിപ്പാര്‍പ്പിച്ചു. സ്‌ഫോടനത്തിനു ശേഷം കെട്ടിടങ്ങളില്‍നിന്നു കനത്ത പുക ഉയര്‍ന്നിരുന്നു.

പ്രത്യേകം പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗുകളെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.