കുട്ടി ചിംബാന്‍സിക്കു കാര്യം മനസിലായി, അമ്മയുടെ രണ്ടു തല്ലു കിട്ടിയപ്പോള്‍..!

തെറ്റു ചെയ്ത കുട്ടി ചിംബാന്‍സിയെ അമ്മ ചിംബാന്‍സി വടിയെടുത്തു തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്

ല്ലതും ചീത്തയും പറഞ്ഞുകൊടുത്തു കുട്ടികളെ വളര്‍ത്തുക എന്നതു മാതാപിതാക്കളുടെ കടമയാണ്. സമൂഹത്തില്‍ ഉത്തമ പൗരന്മാരായി, മൂല്യബോധമുള്ളവരായി മക്കള്‍ വളരണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. തെറ്റു ചെയ്ത കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിക്കുന്നതും തിരുത്തുന്നതും സാധാരണമാണ്. ഇതു മനുഷ്യരുടെ കാര്യം.

എന്നാല്‍, മൃഗങ്ങളുടെ കാര്യത്തില്‍ ഇങ്ങനെയൊരു സാധ്യതയില്ല. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. മൃഗങ്ങളുടെ തിരിച്ചറിവുകളെപ്പറ്റി നമ്മള്‍ ഗൗരവമായി ചിന്തിക്കുകയും ചെയ്യും. തെറ്റു ചെയ്ത കുട്ടി ചിംബാന്‍സിയെ അമ്മ ചിംബാന്‍സി വടിയെടുത്തു തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൃഗശാലയിലെ സന്ദര്‍ശകരെ കല്ലെടുത്തെറിയുന്ന കുട്ടി ചിംബാന്‍സിയെ അരിശം മൂത്ത അമ്മ ചിംബാന്‍സി തല്ലുന്നതാണ് ദൃശ്യങ്ങള്‍. ചുമ്മാ കൈ കൊണ്ടുള്ള തല്ലല്ല. തൊട്ടടുത്തു കിടന്ന വടിയെടുത്താണ് അമ്മ ചിംബാന്‍സി തല്ലുന്നത്. തല്ലു കൊള്ളുന്ന കുട്ടി ചിംബാന്‍സി ഒച്ചവയ്ക്കുന്നതും അവിടെനിന്നു മാറിപ്പോകുന്നതും വീഡിയോയില്‍ കാണാം.

തെറ്റു ചെയ്യുന്ന കുട്ടികളെ മനുഷ്യര്‍ ശിക്ഷിക്കുന്നതുപോലെയാണ് അമ്മ ചിംബാന്‍സി ചെയ്തത്. അതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. എന്തായാലും കുട്ടി ചിംബാന്‍സിക്കു കാര്യം മനസിലായി, രണ്ടു തല്ലു കിട്ടിയപ്പോള്‍..!