തമിഴ്‌നാട്ടില്‍ പോലീസ് മൂന്നാം മുറ; ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം

* ബൂട്ട്‌സിട്ടു ചവിട്ടി വൃഷ്ണം തകര്‍ത്തെന്നും വായില്‍ ചരല്‍ മണ്ണു നിറച്ചതിനു ശേഷം മുഖത്തു മര്‍ദിച്ച് പല്ലു കൊഴിച്ചെന്നും ആരോപിച്ച് ആറു യുവാക്കള്‍ രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ അരങ്ങേറിയ പോലീസ് മൂന്നാം മുറയ്ക്കതിരെ വ്യാപക പ്രതിഷേധം. തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം പോലീസ് സ്‌റ്റേഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരപീഡനങ്ങള്‍ അരങ്ങേറിയത്. യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ എഎസ്പി ബല്‍വീര്‍ സിംഗിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബൂട്ട്‌സിട്ടു ചവിട്ടി വൃഷ്ണം തകര്‍ത്തെന്നും വായില്‍ ചരല്‍ മണ്ണു നിറച്ചതിനു ശേഷം മുഖത്തു മര്‍ദിച്ചെന്നും ആരോപിച്ച് ആറു യുവാക്കളാണു പരാതിയുമായി രംഗത്തെത്തിയത്. അടുത്തിടെ വിവാഹിതനായ ഒരു യുവാവിന്റെ വൃഷ്ണമാണ് ബല്‍വീര്‍ സിംഗ് തകര്‍ത്തത്. അഞ്ച് പേര്‍ തങ്ങളുടെ പല്ലടിച്ചു കൊഴിച്ചുവെന്ന് ആരോപിക്കുന്നു. ബല്‍വീര്‍ സിംഗിന്റെ മര്‍ദനമേറ്റ ഒരാള്‍ അവശനിലയില്‍ ചികിത്സയിലാണ്.

നാട്ടുകാരുടെ കനത്ത പ്രതിഷേധത്തുടര്‍ന്നും പരാതിയുടെ അടിസ്ഥാനത്തിലും മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി തിരുനെല്‍വേലി കളക്ടര്‍ കെ.പി. കാര്‍ത്തികേയന്‍ പറഞ്ഞു.
പീഡനത്തെക്കുറിച്ചു പുറത്തു പറയരുതെന്ന് പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. ജീവനു ഭീഷണിയുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.