ബാഡ്മിന്റണ്‍ ഇഷ്ടമില്ലാത്തവര്‍ അപൂര്‍വമായിരിക്കും. വാശിയേറിയ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നേരിട്ടും ടിവിയിലൂടെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍, മൃഗങ്ങള്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ… അടുത്തിടെ കൗതുകവാര്‍ത്തകളില്‍ വന്‍ പ്രാധാന്യം നേടിയ സംഭവമാണ് പൂച്ചകളുടെ ബാഡ്മിന്റണ്‍.
യജമാനനുമായി മൂന്നു പൂച്ചകള്‍ ബാഡ്മിന്റണ്‍ കളിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണു വാര്‍ത്തകളില്‍ ഇടംപടിച്ചത്. നെറ്റിസണ്‍സ് വീഡിയോ ഏറ്റെടുക്കുകയും ചെയ്തതോടെ പൂച്ചകളുമായുള്ള മനുഷ്യന്റെ ഷട്ടില്‍ കളി ലോകമാകെ തരംഗമായി. @lian.shorts എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ കൈയില്‍ ബാഡ്മിന്റണ്‍ റാക്കറ്റുമായി ഒരു യുവാവിനെയും അദ്ദേഹത്തിന്റെ അരികില്‍ മൂന്നു പൂച്ചകളെയും കാണാം. ഒരു പൂച്ച ഡസ്റ്റ് ബിന്നിന്റെ മുകളില്‍ ഇരിക്കുന്നു. മറ്റു രണ്ടു പൂച്ചകള്‍ തറയില്‍ മത്സരത്തിന് ‘റെഡി’ എന്ന മട്ടിലാണ് ഇരിപ്പ്! ഒരു പൂച്ച യുവാവിന്റെ ടീമിലാണുള്ളത്. എതിര്‍വശത്ത് രണ്ടു പൂച്ചകളും! യുവാവ് ഷട്ടില്‍ അടിച്ചുകഴിഞ്ഞാല്‍, അതു പൂച്ചകളിലൊന്നില്‍ എത്തുന്നു, പൂച്ച കൈകൊണ്ട് അടിക്കുന്നു. അതുപോലെ, മറ്റ് രണ്ട് പൂച്ചകളും ഷട്ടില്‍ അടിക്കാന്‍ ചാടുന്നതും ദൃശ്യങ്ങളില്‍ കാണാം.
മാര്‍ച്ച് 25നു പങ്കുവച്ച വീഡിയോയ്ക്ക് 5.1 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായി. രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ വഞ്ചിക്കുകയാണ്, നിങ്ങള്‍ അവര്‍ക്ക് റാക്കറ്റ് നല്‍കിയില്ല, ഇതു വളരെ മനോഹരമാണ്, വീഡിയോയുടെ അവസാനം വളരെ രസകരമാണ്… തുടങ്ങിയ കമന്റുകളാണ് ലഭിച്ചത്.