Tuesday, September 28, 2021
Home News Kerala ചന്ദ്രികയില്‍ നടക്കുന്നത് വലിയ ക്രമക്കേട്; കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു- ആഞ്ഞടിച്ച് മുഈനലി തങ്ങള്‍

ചന്ദ്രികയില്‍ നടക്കുന്നത് വലിയ ക്രമക്കേട്; കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു- ആഞ്ഞടിച്ച് മുഈനലി തങ്ങള്‍

കോഴിക്കോട്: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍. ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ്. എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൂഈനലി തുറന്നടിച്ചത്.

40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളാണ്. വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിയായ വിഷമം ഉണ്ട്. ഹൈദരലി തങ്ങളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിനാണ്. ഷെമീറിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറിവിളിയുമായി പ്രവര്‍ത്തകന്‍

press confrence iuml
വാര്‍ത്താ സമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങളെ അധിക്ഷേപിക്കുന്ന ലീഗ് പ്രവര്‍ത്തകന്‍ റാഫി

വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് ബഹളത്തിനിടയാക്കി. താന്‍ ആരാണെന്ന് അറിയാമെന്നും അടിച്ച് ശരിപ്പെടുത്തുമെന്നായിരുന്നു റാഫിയുടെ ഭീഷണി. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുഈനലിയുടെ സാമ്പത്തിക ഇടപാടില്‍ ഇ.ഡി അന്വേഷണം വേണമെന്നും റാഫി ആവശ്യപ്പെട്ടു.

ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ്
ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹൈദരലി തങ്ങളെ ചോദ്യം ചെയ്യുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നതായാണ് ആരോപണം. കോഴിക്കോട് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹൈദരലി തങ്ങള്‍ക്ക് നേരിട്ട് എത്തിയാണ് ഇഡി നോട്ടീസ് നല്‍കിയത്.

വിഷയവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അത് പാര്‍ട്ടി വിരുദ്ധരുടെ പ്രചാരണമെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു ലീഗ് നേതാക്കള്‍. എന്നാല്‍, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ മുഈനലി തങ്ങള്‍ തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തെത്തിയതോടെ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പടയൊരുക്കം ശക്തമാവും.

Most Popular