Friday, September 17, 2021
Home Ediotrs Pick ആവി പിടിച്ചാല്‍ കോവിഡ് മാറും; എയര്‍ഫോഴ്‌സ് ആശുപത്രിയുടെ പേരില്‍ വ്യാപക പ്രചാരണം

ആവി പിടിച്ചാല്‍ കോവിഡ് മാറും; എയര്‍ഫോഴ്‌സ് ആശുപത്രിയുടെ പേരില്‍ വ്യാപക പ്രചാരണം

ദോഹ: മൂക്കിലൂടെയും വായിലൂടെയും ചൂട് നീരാവി ശ്വസിച്ചാല്‍ കോവിഡ് വൈറസ് ചാവുമെന്ന് വാട്‌സ് ആപ്പില്‍ വ്യാപക പ്രചാരണം. കുടുംബ ഗ്രൂപ്പുകളില്‍ പടരുന്ന ഈ സന്ദേശം വിശ്വസിച്ച് പലരും ആവി ചികില്‍സ തുടങ്ങിയിട്ടുമുണ്ട്.

ബംഗളൂരു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലെ പള്‍മോണജിസ്റ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരിലാണ് സന്ദേശം. മുഴുവന്‍ ആളുകളും ദിവസവും രാവിലെയും വൈകുന്നേരവും വെറും 5 മിനിറ്റ് നീരാവി ശ്വസിച്ചാല്‍ കൊറോണ നാട്ടില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തിലെ തള്ള്.

എന്നാല്‍, ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എയര്‍ഫോഴ്‌സും പ്രതിരോധ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. ബംഗളൂരുവില്‍ അശുതോഷ് ശര്‍മ എന്ന പേരില്‍ ഒരു എയര്‍ മാര്‍ഷല്‍ ഇല്ല എന്ന് സന്ദേശത്തില്‍ പറയുന്നു. എയര്‍ ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിന്റെ മേധാവി എയര്‍ വൈസ് മാര്‍ഷല്‍ അശുതോഷ് ശര്‍മയാണ്. എന്നാല്‍, അദ്ദേഹം ഇങ്ങിനെയൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും മതിയായ ചികില്‍സ ലഭ്യമാക്കുകയും ചെയ്യണമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ALSO WATCH

 

Most Popular