തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരാനാണ് പദ്ധതി. സാമൂഹിക മേഖലകകള്‍ ശക്തിപ്പെടുത്തും. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതല്‍ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും.
ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. യുവജനങ്ങള്‍ക്കു മികച്ച തൊഴില്‍ സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം ഇരട്ടിപ്പിക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുപോകും.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികള്‍ തുടങ്ങിയവയെ കൃത്യമായി പ്രയോജനപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകല്‍, നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉല്‍പ്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.
അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.
ജനങ്ങള്‍ക്കു താല്‍പര്യം അര്‍ഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജാതി, വര്‍ഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO WATCH