Monday, July 26, 2021
Home Newsfeed മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; കപ്പുയര്‍ത്തുന്നത് മെസ്സിയോ നെയ്മറോ എന്നറിയാന്‍ മണിക്കൂറുകള്‍

മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; കപ്പുയര്‍ത്തുന്നത് മെസ്സിയോ നെയ്മറോ എന്നറിയാന്‍ മണിക്കൂറുകള്‍

മാരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം. തെക്കേ അമേരിക്കന്‍ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും പൊരുതാനിറങ്ങും. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30-നാണ് കിരീടപോരാട്ടം.

മെസ്സിയോ നെയ്മാറോ ഇതുവരെ കോപ ജേതാക്കളായിട്ടില്ല. കഴിഞ്ഞ തവണ നെയ്മാര്‍ ഇല്ലാതെയാണ് ബ്രസീല്‍ ചാമ്പ്യന്മാരായത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരയും ഏറ്റവും മികച്ച ആക്രമണകാരിയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തെ ഫൈനല്‍.

2004-ലും 2017-ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടമുയര്‍ത്തിയത്. ചരിത്രം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മറും സംഘവും. ഇത്തവണ ജയിച്ചാല്‍ ബ്രസീലിന് പത്താം കിരീടം സ്വന്തമാകും.

മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയര്‍ത്തിയാല്‍ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താന്‍ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ ടീമിന് ഇരട്ടിമധുരമാകും.

പ്രതിഭാസമ്പന്നമാണ് ഇരു ടീമുകളും. റോബര്‍ടോ ഫിര്‍മിനോയും ഗബ്രിയേല്‍ ബാര്‍ബോസയും വിനിഷ്യസ് ജൂനിയറും ഫാബിഞ്ഞോയും ഫ്രെഡുമൊക്കെ ബ്രസീല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാതെ റിസര്‍വ് ബെഞ്ചിലാണ്. എയിംഗല്‍ ഡി മരിയയും സെര്‍ജിയൊ അഗ്വിരോയും അര്‍ജന്റീനയുടെ സബ്സ്റ്റിറ്റിയൂട്ടുകളാണ്.

ടീം ലൈനപ്പ്
neymar messi
സസ്പെന്‍ഷനിലുള്ള ഗബ്രിയേല്‍ ജെസ്യൂസ് ബ്രസീല്‍ നിരയിലുണ്ടാകില്ല. 4-2-3-1 ശൈലിയിലാകും ബ്രസീല്‍ കളിക്കുന്നത്. ഗോള്‍കീപ്പറായി എഡേഴ്‌സന്‍ തുടരും. പ്രതിരോധത്തില്‍ ഡാനിലോ- മാര്‍ക്വിനോസ്, തിയാഗോ സില്‍വ, അലക്സ് സാന്‍ഡ്രോ എന്നിവര്‍ കളിക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറോയും ഫ്രെഡും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ ലൂക്കാസ് പക്വേറ്റയാകും. റിച്ചാലിസനും എവര്‍ട്ടണും വിങ്ങര്‍മാര്‍. നെയ്മര്‍ സ്‌ട്രൈക്കര്‍ റോളില്‍.

അര്‍ജന്റീന 4-3-3 ശൈലിയില്‍ കളിക്കും. സെമിഫൈനലില്‍ ടീമിന്റെ രക്ഷകനായ എമിലിയാനോ മാര്‍ട്ടിനെസ് തന്നെ ഗോള്‍കീപ്പറാകും. നഹ്യുല്‍ മോളിന, ജെര്‍മന്‍ പെസ്സെല്ല, നിക്കോളസ് ഒട്ടാമെന്‍ഡി, നിക്കോളോ ടാഗ്ലിയാഫിക്കോ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും. റോഡ്രിഗോ ഡി പോള്‍, ലിയനാര്‍ഡോ പാരഡെസ്, ജിയോവാനി ലോസെല്‍സോ എന്നിവര്‍ മധ്യനിരയിലുണ്ടാകും. നായകന്‍ ലയണല്‍ മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസും നിക്കോളാസ് ഗോണ്‍സാലസുമാകും മുന്നേറ്റനിരയില്‍.

പ്രതിരോധത്തിന്റെ കരുത്തുമായി ബ്രസീല്‍
കോപയിലെ ആറു കളികളില്‍ രണ്ടു ഗോള്‍ മാത്രമാണ് ബ്രസീല്‍ വഴങ്ങിയത്. തിയാഗൊ സില്‍വയും മാര്‍ക്വിഞ്ഞോസും എഡര്‍ മിലിറ്റാവോയും മാറി മാറിയാണ് സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുന്നതെങ്കിലും അതൊന്നും ബ്രസീലിന്റെ പ്രതിരോധ ശേഷിയെ ബാധിച്ചിട്ടില്ല. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാരായ കസിമീരോയും ഫ്രെഡും ഒന്നിനൊന്ന് മെച്ചമാണ്. റൈറ്റ് ബാക്ക് ഡാനിലോയും ലെഫ്റ്റ്ബാക്ക് റെനാന്‍ ലോദിയും പ്രതിരോധം മറന്ന് അനാവശ്യമായി ഓടിക്കയറുന്നവരല്ല.

പ്രതീക്ഷ മെസ്സിയില്‍
messi brazil
മെസ്സിയെ പ്രതിരോധിക്കേണ്ട ചുമതല കസിമീരോക്കായിരിക്കും. റയല്‍ മഡ്രീഡ് താരമായ കസിമീരോ സ്പാനിഷ് ലീഗില്‍ പലതവണ ഈ ദൗത്യം വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട്. അര്‍ജന്റീന ആലോചിക്കുന്നത് ആക്രമണത്തില്‍ മെസ്സിയെ എങ്ങനെ സഹായിക്കാമെന്നാണ്. മുപ്പത്തിനാലിലെത്തിയ മെസ്സി ഇപ്പോള്‍ കൂടുതലും ബോക്സിനു സമീപമാണ് കളിക്കുന്നത്. മിഡ്ഫീല്‍ഡര്‍മാരായ റോഡ്രിഗൊ ദെ പോളും ജോവാനി ലോസല്‍സോയും മെസ്സിക്ക് പ്രതിരോധം തീര്‍ത്ത് ചുറ്റുമുണ്ടാവും. ആ വിടവിലൂടെയാണ് മെസ്സി ആക്രമിക്കുന്നത്. വിംഗര്‍മാരായ ലൗതാരൊ മാര്‍ടിനേസിനും നിക്കൊ ഗോണ്‍സാലസിനും പാസുകള്‍ നല്‍കുന്ന ജോലിയും ഇരുവര്‍ക്കുമുണ്ട്. മെസ്സി ടൂര്‍ണമെന്റില്‍ നാല് ഗോളടിക്കുകയും അഞ്ചെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ആക്രമണത്തിലെ ദൗര്‍ബല്യം
brazil team

ഈ ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ പ്രധാന ദൗര്‍ബല്യം ആക്രമണത്തിലാണ്. റിച്ചാര്‍ലിസനും റോബര്‍ടൊ ഫിര്‍മിനോക്കും ഒരു ഗോള്‍ വീതമേ അടിക്കാനായിട്ടുള്ളൂ. ഗബ്രിയേല്‍ ജെസൂസ് ഒരു ഗോളുമടിച്ചിട്ടില്ല. ഫൈനലില്‍ സസ്പെന്‍ഷനിലാണ്. മെസ്സിയെ സംരക്ഷിക്കാനുള്ള ശ്രമം രണ്ടാം പകുതിയാവുമ്പോഴേക്കും അര്‍ജന്റീനയെ തളര്‍ത്തുന്നു. ബ്രസീല്‍ ഗോളടിക്കുന്നത് കൂടുതല്‍ രണ്ടാം പകുതിയിലാണ് താനും.

അര്‍ജന്റീനയുടെ ആക്രമണമാണോ ബ്രസീലിന്റെ പ്രതിരോധമാണോ വിജയിക്കുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ കാത്തിരിക്കേണ്ടൂ.

Most Popular