റിയോ ഡി ജനീറോ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ഫുട്‌ബോള്‍ ടീമുകളാണ് ബ്രസീലും അര്‍ജന്റീനയും. മലയാളി കളിയാരാധകര്‍ ഈ രണ്ട് ടീമുകളുടെയും പക്ഷത്ത് നിന്ന് കൊമ്പുകോര്‍ക്കുന്നതും പതിവാണ്. ലോക കപ്പ് കാലത്ത് വെള്ളയില്‍ നീലവരകളുള്ള അര്‍ജന്റീനയുടെ ജഴ്‌സിയും കാനറികളുടെ മഞ്ഞ ജഴ്‌സിയും തെരുവുകളാകെ ഫ്‌ള്കസുകളായും കൊടികളായും നിറയും. ഇരുടീമുകളും നേര്‍ക്കുനേരെ വരുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ആവേശം കൊടുമുടി കയറും.
ഇക്കുറി കോപ്പ അമേരിക്കയില്‍ ഏറെക്കുറെ ഒരു അര്‍ജന്റീന-ബ്രസീല്‍ ഫൈനലിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ ചിലിയെ വീഴ്ത്തി സെമിയിലേക്ക് കടന്ന ബ്രസീലിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ എതിരില്ലാത്ത മൂന്ന് കോളുകള്‍ക്ക് ഇക്വഡോറിനെ അടിയറവ് പറയിപ്പിച്ച് അര്‍ജന്റീനയും കലാശക്കളിക്ക് അരികെയെത്തി. ഗോളടിച്ചും അടിപ്പിച്ചും ഒരു വശത്ത് നെയ്മറും മിന്നുന്ന പ്രകടനവുമായി മറുവശത്തും മെസ്സിയും കളംനിറഞ്ഞ കളിക്കവേ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരിന് വഴിയൊരുങ്ങിയാല്‍ കാണികള്‍ക്ക് അതൊരു ഉല്‍സവക്കാഴ്ച്ച തന്നെയായിരിക്കും.
ഇന്നു രാവിലെ നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന ഇക്വഡോറിനെ വീഴ്ത്തിയത്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഒരു ഗോള്‍ സ്വന്തമായി നേടിയും മെസ്സി തന്നെയായിരുന്നു ഇന്നും കളിയിലെ താരം. റോഡ്രിഗോ ഡി പോള്‍ (40), ലൗട്ടൗരോ മാര്‍ട്ടിനസ് (84), ലയണല്‍ മെസ്സി (90+3) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. അര്‍ജന്റീന ജഴ്‌സിയില്‍ റോഡ്രിഗോ ഡി പോളിന്റെ ആദ്യ ഗോളാണ് ഇക്വഡോറിനെതിരെ പിറന്നത്. പിയേറോ ഹിന്‍കാപി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ജൂലൈ ആറിന് ബ്രസീലിയയില്‍ നടക്കുന്ന സെമി പോരാട്ടത്തില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്നു പുലര്‍ച്ചെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് കൊളംബിയ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മുഴുവന്‍ സമയത്ത് ഇരു ടീമുകള്‍ക്കും ഗോളടിക്കാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ രണ്ട് യുറഗ്വായ് താരങ്ങള്‍ കിക്ക് നഷ്ടമാക്കിയതോടെ 4-2 വിജയവുമായി കൊളംബിയ സെമിയിലെത്തി. ബ്രസീലും പെറുവും തമ്മില്‍ ജൂലൈ ഏഴിനാണ് രണ്ടാം സെമി പോരാട്ടം.
കണക്കിലെ വമ്പന്‍
ഇതുവരെ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അര്‍ജന്റീന 38 തവണയും ബ്രസീല്‍ 41 തവണയും ജയിച്ചു. 26 മല്‍സരങ്ങള്‍ സമനിലയായി. അര്‍ജന്റീന 160 ഗോളുകളും ബ്രസീല്‍ 163 ഗോളുകളുമാണ് പരസ്പരം നേടിയത്. കഴിഞ്ഞ കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് വീഴ്ത്തിയാണ് ബ്രസീല്‍ സെമിയില്‍ കടന്നതും കപ്പടിച്ചതും. ഇക്കുറി ഫൈനലില്‍ അതിനുള്ള കണക്ക് തീര്‍ക്കാന്‍ വഴിയൊരുങ്ങുമോ എന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.