ഷഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Cyclone Shaheen

മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ മുഴുവൻ പൊതു സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന ഗവര്‍ണറേറ്റുകളില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴു വരെ മുഴുവന്‍ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 10 മുതൽ അധ്യയനം പുനരാരംഭിക്കുന്നതാണ് എന്നും അറിയിപ്പുണ്ട്. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെക്കുന്നത്. ഒക്ടോബർ 4-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അതേസമയം ഒമാനിൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി.
സത്ത് അൽ ബതീനയിലെ റുസ്താഖിൽ കാണാതായ സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നോർത്ത് അൽ ബതീനയിലെ ഷഹീനിലാണ് 7 പേർ കൂടി മരിച്ചത്. ഞായർ പുലർച്ചെ മുതൽ കനത്ത മഴ പെയ്തിരുന്നുവെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിൽ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് തീരം തൊട്ടതോടെയാണ് കെടുതികൾ വ്യാപകമായത്. ദുരിതബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.