പിക്‌നിക്കിനു വന്ന ദമ്പതികള്‍ ചീങ്കണ്ണികളെ താലോലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഒണ്‍ലി ഇന്‍ ഫ്‌ളോറിഡ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ദമ്പതികള്‍ വലിയ വിമര്‍ശനവും ഏറ്റുവാങ്ങി. സാഹസികത അല്‍പ്പം കൂടിപ്പോയെന്നാണ് വിമര്‍ശനം. മരണം തൊട്ടുമുന്നില്‍ ചീങ്കണ്ണിയുടെ രൂപത്തില്‍ വന്നുനില്‍ക്കുകയാണെന്നും അവര്‍ക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നും നെറ്റിസണ്‍സ്. ആക്രമിക്കാതെ മടങ്ങിപ്പോയ ചീങ്കണ്ണിയുടെ വിവേകം
മൃഗങ്ങളെ ഇഷ്ടമല്ലാത്തവര്‍ വിരളമായിരിക്കും. പക്ഷേ ഈ ദമ്പതികളുടെ മൃഗസ്‌നേഹം അല്‍പ്പം കൂടിപ്പോയി. പിക്‌നിക്കിനെത്തിയ ദമ്പതികള്‍ പുഴയിലൊരു കല്ലില്‍ ഇരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവാണ്. തെളിഞ്ഞ വെള്ളത്തില്‍ പുഴയുടെ അടിത്തട്ടു കാണാം. അവര്‍ വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഒരു ചീങ്കണ്ണി വരുന്നു. തൊട്ടുപിന്നാലെ മറ്റൊരു ചീങ്കണ്ണിയുമുണ്ട്. പക്ഷേ ദമ്പതികള്‍ കുലുങ്ങിയില്ല. അവര്‍ അവിടത്തന്നെ ഇരുന്നു. അവരുടെ അടുത്തെത്തിയ ചീങ്കണ്ണി അവരെ ആക്രമിച്ചില്ല. ശാന്തനായിനിന്നു. അവരിലൊരാള്‍ ചീങ്കണ്ണിയുടെ വായില്‍ ഭക്ഷണം വച്ചുകൊടുത്തു. അതിനെ തലോടുകയും ചെയ്തു.
തുടര്‍ന്ന് അവിടെനിന്നു പോകുന്ന ചീങ്കണ്ണിക്കു വീണ്ടും ഭക്ഷണം എറിഞ്ഞുകൊടുക്കുന്നതും വിളിക്കുന്നതും കേള്‍ക്കാം. ആരെയും ഭയപ്പെടുത്തുന്ന വീഡിയോ അവിടെ അവസാനിക്കുന്നു. പിക്‌നിക്കിനു പോകുമ്പോള്‍ ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുതിനെതിരേ വലിയ വിമര്‍ശനം ഇരുവര്‍ക്കും കേള്‍ക്കേണ്ടിവന്നു.