Monday, July 26, 2021
Home Newsfeed യൂറോകപ്പ് : ഡെന്മാർക്കിനെ 2-1 നു തോൽപിച്ച ഇംഗ്ലണ്ട് ഫൈനലിൽ

യൂറോകപ്പ് : ഡെന്മാർക്കിനെ 2-1 നു തോൽപിച്ച ഇംഗ്ലണ്ട് ഫൈനലിൽ

വെംബ്ലി : യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട് ആദ്യമായി യൂറോകപ്പ് ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ എക്സ്ട്രാ ടൈമിലെ നൂറ്റിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്.

മുപ്പതാം മിനിറ്റില്‍ ഡെന്മാര്‍ക്കാണ് ആദ്യ ഗോള്‍ നേടിയത്. മനോഹരമായ ഫ്രീകിക്കില്‍ നിന്ന് ഡംസ്ഗാര്‍ഡ് ഇംഗ്ലണ്ട് വല കുലുക്കി. എന്നാല്‍ ഇംഗ്ലണ്ട് അധികം വൈകാതെ സമനില തിരിച്ച്‌ പിടിച്ചു. സ്റ്റര്‍ലിങ്ങിന്റെ ഷോട്ട് ഡെന്മാര്‍ക്ക് ഗോളി അവിശ്വസനീയമായി തട്ടിയകറ്റിയതിന് പിന്നാലെ മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ബുക്കായോ സാക്ക സ്റ്റര്‍ലിങ്ങിനെ ലക്ഷ്യമാക്കി നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവെ ഡെന്മാര്‍ക്ക് നായകന്‍ സിമോണ്‍ കെയറിന്റെ പിഴവിനാല്‍ പന്ത് വലയിലാകുകയായിരുന്നു. പിന്നീട് ഇരു ടീമും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ അകന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഇംഗ്ലണ്ട് ടീമിനെയാണ് മൈതാനത്ത് കണ്ടത്. എതിര്‍ ഗോള്‍ മുഖത്ത് സ്റ്റര്‍ലിങ്ങും കെയ്‌നും സംഘവും നിരന്തരം ഭീതി വിതച്ചു. എന്നാല്‍ കോട്ടകെട്ടിയ ഡച്ച്‌ പ്രതിരോധത്തെ ഇളക്കാനായില്ല. ഇതിനിടെ ലഭിച്ച അര്‍ധാവസരങ്ങള്‍ ഗോളാക്കാനും ഇംഗ്ലണ്ടിന് സാധിച്ചില്ല.

ഇടക്കിടെ ഡെന്മാര്‍ക്ക് കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഡോള്‍ബെര്‍ഗിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. അല്‍പത്തിയഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഹാരി മഗ്വയറിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി. നൂറ്റിനാലാം മിനിറ്റില്‍ ഇംഗ്ലണ്ട് വിജയ ഗോള്‍ നേടുകയായിരുന്നു.

യൂറോകപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. 1996ല്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം. 1966ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായാണ് മേജര്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇറ്റലിയെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് നേരിടും

Most Popular