Friday, July 23, 2021
Home Newsfeed ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണ ഞെട്ടലില്‍ ഡെന്മാര്‍ക്ക്; ഒരു ഗോളിന് അട്ടിമറിച്ച് ഫിന്‍ലന്‍ഡ്

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണ ഞെട്ടലില്‍ ഡെന്മാര്‍ക്ക്; ഒരു ഗോളിന് അട്ടിമറിച്ച് ഫിന്‍ലന്‍ഡ്

കോപ്പന്‍ഹേഗന്‍: മത്സരത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതിന്റെ ഞെട്ടല്‍ മാറും മുന്‍പേ കളത്തിലിറങ്ങിയ ഡെന്‍മാര്‍ക്ക് യൂറോ കപ്പ് മല്‍സരത്തില്‍ ഫിന്‍ലന്‍ഡിനോടു ഒരു ഗോളിന് തോറ്റു.59ാം മിനിറ്റില്‍ ജോയല്‍ പോജാന്‍പാലോയാണ് ഫിന്‍ലന്‍ഡിനായി വിജയഗോള്‍ നേടിയത്. 79ാം മിനിറ്റില്‍ ഡെന്‍മാര്‍ക്കിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും ടോട്ടനം താരം പിയറി എമില്‍ ഹോജ്‌ബെര്‍ഗിന്റെ കിക്ക് ഫിന്‍ലന്‍ഡ് ഗോള്‍കീപ്പര്‍ റാഡെക്കി രക്ഷപ്പെടുത്തി. മത്സരം നിര്‍ത്തിവയ്ക്കുമ്പോള്‍ ഇരുടീമുകളും സ്‌കോര്‍ ചെയ്തിരുന്നില്ല.

ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിന്റെ ആദ്യ വിജയം കൂടിയാണിത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്നു പോയിന്റുമായി ഫിന്‍ലന്‍ഡ് രണ്ടാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത ബെല്‍ജിയമാണ് ഗ്രൂപ്പില്‍ ഒന്നാമത്. അവര്‍ക്കും മൂന്നു പോയിന്റാണെങ്കിലും ഗോള്‍ശരാശരിയിലെ മികവിലാണ് ഒന്നാമതെത്തിയത്.

നേരത്തെ, ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഡെന്മാര്‍ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ കുഴഞ്ഞുവീണത് ലോകത്തെ നടുക്കി. മൈതാനത്തുവച്ചു തന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്കു മാറ്റിയ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി അറിയിച്ചു.

Most Popular