പ്രവാസിയുടെ മൃതദേഹം ആരോരുമറിയാതെ രണ്ട് മാസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് തിരിച്ചറിഞ്ഞു

abdul sathar

ഷാര്‍ജ: രണ്ടുമാസമായി ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ അജ്ഞാത ജഡമായി കിടന്നിരുന്ന മൃതദേഹം സാമൂഹിക പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി മംഗലാട് സ്വദേശി അബ്ദുല്‍ സത്താറാണ്(45) മരിച്ച വ്യക്തി.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫോട്ടോ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് മരിച്ചത് അബ്ദുല്‍ സത്താറാണെന്ന് തിരിച്ചറിഞ്ഞത്. അബ്ദുല്‍ സത്താര്‍ തുണ്ടി കണ്ടിയില്‍ പോക്കര്‍ എന്ന പേരു മാത്രമാണ് രേഖകളിലുള്ളതെന്നും രണ്ടു മാസമായി ബന്ധുക്കള്‍ അന്വേഷിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതരെന്നും മലയാളിയെന്ന് കരുതുന്ന ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്നുമായിരുന്നു പോസ്റ്റ്.

ഈ പോസ്റ്റ് 15000 പേര്‍ ഷെയര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പരിചയക്കാര്‍ തിരിച്ചറിഞ്ഞത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിനകം ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി അഷ്‌റഫ് താമരശ്ശേരി പറയുന്നു. രണ്ടു മാസമായി വീട്ടുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും മറ്റുമുള്ള കമന്റുകളാണ് അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ് നിറയെ. എന്നാല്‍, മാസങ്ങളായി വീട്ടുകുരമായും നാട്ടുകാരുമായും ബന്ധമില്ലായിരുന്നുവെന്നും എല്ലാം ശരിയായി നാട്ടില്‍ വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നുവെന്നും ബന്ധുക്കളെന്ന് പറയുന്നു.

മംഗലാട് പട്ടേരി കുനി പോക്കറാണ് പിതാവ്. ഭാര്യ: സജീറ. മാതാവ്: ഖദീജ. മകന്‍: റാനിഷ് മുഹമ്മദ്. സഹോദരങ്ങള്‍: അമ്മത് (ബഹ്‌റൈന്‍), റംല, ഹൈറുന്നിസ.

ബന്ധുക്കളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിയുംവേഗം നാട്ടിലെത്തിക്കുമെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു.