ലുസൈൽ സ്റ്റേഡിയത്തിൽ ബോളിവുഡ് സംഗീതോത്സവം സംഘടിപ്പിക്കും : ഫിഫ

ദോഹ : ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയവും 2022 ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയുമായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ 4 ന് ബോളിവുഡ് സംഗീതോത്സവം നടക്കുമെന്ന് ഫിഫ വെബ്‌സൈറ്റിൽ അറിയിച്ചു. രാത്രി 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ റാഹത് ഫത്തേ അലി ഖാൻ, സുനിധി ചൗഹാൻ, സലിം സുലൈമാൻ, പെർഫെക്റ്റ് അമാൽഗമേഷൻ എന്നിവരുടെ തത്സമയ പ്രകടനങ്ങൾ ഉണ്ടാകും. വൈകുന്നേരം 4 മണി മുതൽ ഗേറ്റുകൾ തുറക്കും. സ്‌റ്റേഡിയത്തിനകത്തു എത്തി കഴിഞ്ഞാൽ അതിലേക്ക് വീണ്ടും പ്രവേശനം അനുവദിക്കില്ല എന്ന ഫിഫ സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവന്റിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സാധുവായ ഹയ്യ കാർഡുകളുള്ള ഖത്തർ 2022 ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് പരിപാടികൾക്കായി നൽകുന്ന ഹയ്യ കാർഡുകൾ സ്വീകരിക്കുന്നതല്ല. 200 QAR, 150 QAR, 80 QAR, 40 QAR എന്നീ നിരക്കിൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ലഭ്യമാണ്.