2022 ലോകകപ്പിൽ നിന്ന് തുനീഷ്യയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി ഫിഫ

തുനീഷ്യ : തുനീഷ്യയുടെ ഫുട്ബോൾ ഓർഗനൈസേഷനിൽ സർക്കാർ ഇടപെടൽ കണ്ടെത്തിയാൽ 2022 ലോകകപ്പിൽനിന്ന് ടീമിനെ പുറത്താക്കുമെന്ന് ഫിഫ തുനീഷ്യൻ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആറാമത്തെ ലോകകപ്പിന് യോഗ്യത നേടിയ തുനീഷ്യ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്. നവംബർ 22 ലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് ഫിഫയുടെ മുന്നറിയിപ്പ്.
ഫെഡറൽ ഓഫീസുകൾ പിരിച്ചുവിടുമെന്ന് തുനീഷ്യയുടെ യൂത്ത് ആൻഡ് സ്പോർട്സ് മന്ത്രി കമൽ ഡെഗുയിച്ചെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഈ ആഴ്ച ആദ്യം ഫിഫ തുനീഷ്യൻ ഫുട്ബോൾ ഫെഡറേഷന് കത്ത് അയച്ചിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും ഫെഡറേഷനുകൾ മൂന്നാം കക്ഷിയുടെയോ സർക്കാരിന്റെയോ പങ്കാളിത്തത്തിൽ നിന്ന് മുക്തമായിരിക്കണം എന്നാണ് ഫിഫ നിയമം. ഈ നിയമ ലംഘനം കാരണം കെനിയയും സിംബാബ്‌വെയും നിലവിൽ വിലക്ക് നേരിടുകയാണ്. ഈ വർഷം ഓഗസ്റ്റിൽ ഇതേ കാരണത്താൽ ഇന്ത്യയെ ഹ്രസ്വകാലത്തേക്ക് ഫിഫ സസ്പെൻഡ് ചെയ്തിരുന്നു.