സൗദിയില്‍ ആംബുലന്‍സുകള്‍ക്ക് വഴിനല്‍കിയില്ലെങ്കില്‍ പിഴ

റിയാദ്: സൗദിയില്‍ ആംബുലന്‍സുകള്‍ക്കു സുഗമമായി കടന്നുപോകാന്‍ വഴികൊടുത്തില്ലെങ്കില്‍ ഇനിമുതല്‍ വലിയ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂര്‍) അറിയിച്ചു. ആയിരം റിയാല്‍ മുതല്‍ രണ്ടായിരം റിയാല്‍ വരെയാണു പിഴ ഒടുക്കേണ്ടിവരിക.

ആംബുലന്‍സുകള്‍ക്കു വഴി കൊടുക്കാത്തവരെയും പിന്തുടരുന്നവരെയും ഓട്ടോമാറ്റിക് സംവിധാനം വഴിയാണു നിരീക്ഷിക്കുക. ‘വഴി വിശാലമാക്കി കൊടുക്കുക’ എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇതു സംബന്ധിച്ച ബോധവത്കരണം ആരംഭിച്ചിരുന്നു.

ആംബുലന്‍സുകള്‍ക്കു മുന്‍ഗണന നല്‍കുന്നതില്‍ അനാസ്ഥ കാണിക്കരുതെന്നും ‘ഒരു മിനിറ്റ്’ പോലും ജീവന്‍ രക്ഷിക്കാന്‍ വിലപ്പെട്ടതാണെന്നും ബോധവത്കരണ സന്ദേശത്തില്‍ പറയുന്നു.