ദോഹ: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ സംയുക്ത സമിതി രൂപീകരിച്ച് റഷ്യ, തുര്‍ക്കി വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂട്ട് കാവുസോഗ്ലുവുമാണ് അടിയന്തര സന്ദര്‍ശനര്‍ത്തിനായി ദോഹയിലെത്തിയത്. ഇരു വിദേശകാര്യമന്ത്രിമാരും ഖത്തര്‍ അമീറുമായും ഖത്തര്‍ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍ റമളാനിന് മുന്നോടിയായി അടുത്ത യോഗം വീണ്ടും ചേരുന്നതാണ്. അതേസമയം മൂന്ന് പേരും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സംയുക്ത ധാരണ രൂപപ്പെടുത്തിയതായി ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മാനുഷികപരവും രാഷ്ട്രീയപരവുമായ പ്രതിജ്ഞാബദ്ധത ഖത്തറിനുണ്ട്. റഷ്യയും തുര്‍ക്കിയും ഖത്തറും ചേര്‍ന്നുള്ള കൂടിക്കാഴ്ച്ചകള്‍ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃത്യമായ ഇടവേളകളില്‍ ഈ സംയുക്ത ചര്‍ച്ച തുടരുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സിറിയന്‍ വിഷയത്തില്‍ സമാനനിലപാടുള്ള രാജ്യങ്ങളെ കൂടി ഈ നീക്കത്തില്‍ കണ്ണികളാക്കും. അതേസമയം സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യം വിട്ടോടിപ്പോയവരെയും അഭയാര്‍ഥികളെയും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനും ഖത്തര്‍ സുപ്രധാന നീക്കങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ സാഹചര്യത്തില്‍ സിറിയയിലേക്ക് അടിയന്തര സഹായങ്ങളെത്തിക്കാനും യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്ന സമാധാന ജീവിതം പുനസ്ഥാപിക്കുന്നതിനുമാണ് ഈ സംയുക്ത നീക്കങ്ങളിലെ പ്രധാനമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി വിശദമാക്കി. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സിറിയന്‍ ജനതയുടെ ദുരിതജീവിതം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഖത്തറിനെ തുര്‍ക്കി വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.