റഷ്യന്‍ അധിനിവേശം; യുക്രെയ്‌നിലേക്ക് ലെപ്പേര്‍ഡ് ടാങ്കുകള്‍ അയച്ച് ജര്‍മനി

റഷ്യയുടെ കുന്തമുനയായ ടി 90 ടാങ്കുകളോടു മത്സരിക്കാന്‍ ശേഷിയുള്ളതാണ് ജര്‍മന്‍ നിര്‍മിത ലെപ്പേര്‍ഡ്2 ടാങ്കുകള്‍

കീവ്: റഷ്യയുടെ അധിനിവേശം ചെറുക്കാന്‍ കൂടുതല്‍ ആധുനിക വാഹനങ്ങളും ആയുധങ്ങളും വേണമെന്ന യുക്രെയ്‌നിന്റെ ആവശ്യത്തെത്തുടര്‍ന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ നല്‍കി ജര്‍മനി. 18 ലെപ്പേര്‍ഡ്2 ടാങ്കുകളാണ് യുക്രെയ്‌നിലേക്ക് അയച്ചതെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രാലയം. യുക്രെയ്ന്‍ സേനയ്ക്ക് ടാങ്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം ജര്‍മനി നല്‍കിയിരുന്നു.

റഷ്യയുടെ കുന്തമുനയായ ടി 90 ടാങ്കുകളോടു മത്സരിക്കാന്‍ ശേഷിയുള്ളതാണ് ജര്‍മന്‍ നിര്‍മിത ലെപ്പേര്‍ഡ്2 ടാങ്കുകള്‍. ലെപ്പേര്‍ഡ്2 ടാങ്കുകള്‍ അതിശൈത്യത്തിലും സുഗമമായി ഉപയോഗിക്കാന്‍ കഴിയും.

ലെപ്പേര്‍ഡ് 2 എത്തുന്ന കാര്യത്തില്‍ യുക്രെയ്ന്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, യുകെ അയച്ച ചലഞ്ചര്‍ 2 ടാങ്കുകള്‍ എത്തിയത് യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലെപ്പേര്‍ഡ് 2 ടാങ്കുകള്‍ റഷ്യന്‍ സേനയ്ക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.