ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്; വീണ്ടും ആശങ്കയറിയിച്ച് യുഎസ്

ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ കണ്ണില്‍ ഉപയോഗിക്കുന്ന തുള്ളിമരുന്നിനെതിരെ യുഎസ്. കമ്പനിയുടെ ഐ ഡ്രോപ് രാജ്യത്തു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷല്‍ ടിയേഴ്‌സ് തുള്ളിമരുന്നിനെതിരെയാണു വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഐ ഡ്രോപ് ഉപയോഗിച്ചവരുടെ ശരീരത്തില്‍ മരുന്നിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ബാക്ടീരിയകള്‍ കണ്ടെത്തിയെന്ന് വിദഗ്ധ സംഘം അറിയിച്ചു. മരുന്ന് ഉപയോഗിച്ച മൂന്നുപേര്‍ മരിച്ചെന്നും എട്ടുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കാഴ്ച നഷ്ടപ്പെടുന്നതും രക്തക്കുഴലുകളിലെ അണുബാധയും സ്ഥിരീകരിച്ചതോടെ യുഎസില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ പിന്‍വലിച്ചിരുന്നു. അതേസമയം തുള്ളിമരുന്നില്‍ അപകടകരമായ ഘടകങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.