ഇന്ത്യയിൽ പുതിയ 8 നഗരങ്ങൾ വരുന്നു

രാജ്യത്ത് പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രം. നിലവിലുള്ള വൻ നഗരങ്ങളിലെ ജനസംഖ്യാ ഭാരം ലഘൂകരിക്കുന്നതിനായി എട്ട് പുതിയ നഗരങ്ങൾ കൂടെ വികസിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പുതിയ നഗരങ്ങൾ വികസിപ്പിക്കണമെന്ന് 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യ വകുപ്പിൻെറ 20 യൂണിറ്റ് ഡയറക്ടർ എംബി സിംഗ് ആണ് വെളിപ്പെടുത്തിയത്. പ്രധാന നഗരങ്ങളിലെ ജനസാന്ദ്രത കുറക്കാൻ പുതിയ നഗരങ്ങളുടെ അടിയന്തര വികസനമാണ് പ്രായോഗിക പരിഹാരം എന്ന നിർദ്ദേശമാണ് ധനകാര്യകമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നത് എന്നാണ് സൂചന.

വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആകെ 26 നിർദ്ദേശങ്ങൾ ആണ് സർക്കാരിന് ലഭിച്ചത്. സൂക്ഷ്മപരിശോധനയ്ക്കും വിശകലനത്തിനും ശേഷം ഇതിൽ നിന്ന് എട്ട് നഗരങ്ങളുടെ വികസനമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഏത് സംസ്ഥാനങ്ങളിലാകും പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.