ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; നാലാം ടെസ്റ്റില്‍ 157 റണ്‍സിന്റെ വിജയം

indian cricket team

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം. ആവേശവും വാശിയും വാനോളം നിറഞ്ഞ മല്‍സരത്തില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 210. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ നാലാം ടെസ്റ്റില്‍ നിര്‍ണായകമായി.

ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ റോറി ബേണ്‍സ് ഹസീബ് ഹമീദ് സഖ്യം 100 റണ്‍സ് ചേര്‍ത്തതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. 59 ഓവറില്‍ 1312 എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് പിന്നീട് അധികം നീണ്ടില്ല. വഴിക്കു വഴിയായി വിക്കറ്റുകള്‍ വീണതോടെ 1938 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ചായയ്ക്കു പിരിഞ്ഞത്. മൂന്നാം സെഷന്റെ തുടക്കത്തില്‍ത്തന്നെ മത്സരവും അവസാനിച്ചു.
shardool rootകളിയില്‍ ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. സ്‌കോര്‍ സ്‌കോര്‍ 100-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിനെ ശാര്‍ദുല്‍ പറഞ്ഞയച്ചു. 125 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാന്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നായകന്‍ ജോ റൂട്ട് ശ്രദ്ധയോടെ പൊരുതി. അലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് താരം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എന്നാാല്‍ സ്‌കോര്‍ 182-ല്‍ നില്‍ക്കേ 78 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്ത റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ ഇംഗ്ലണ്ട് 182 ന് ഏഴ് എന്ന നിലയിലായി. ക്രിസ് ഓവര്‍ട്ടണിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ വോക്സ് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127), അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര(61), ഋഷഭ് പന്ത് (50) , ശാര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. രണ്ട് ഇന്നിങ്സിലുമായി അര്‍ധസെഞ്ചുറി നേടുകയും നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി.
ALSO WATCH