Sunday, September 19, 2021
Home Newsfeed രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് റദ്ദാക്കി

രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് റദ്ദാക്കി

മാഞ്ചസ്റ്റര്‍: മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ ഇന്ത്യന്‍ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി. ഇന്നു മുതല്‍ 14 വരെ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

മത്സരം നീട്ടിവച്ചതായി ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും റദ്ദാക്കിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മത്സരം ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന് ഇംഗ്ലിഷ് ബോര്‍ഡ് ആദ്യം പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ ഭാഗം നീക്കി.


ടീമില്‍ കോവിഡ് പടര്‍ന്നുപിടിക്കുമെന്ന ആശങ്ക നിമിത്തം ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ഇംഗ്ലിഷ് ബോര്‍ഡ് വിശദീകരിച്ചു. മത്സരം പിന്നീടു നടത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. നിലവില്‍ രണ്ടു ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്.

മത്സരം നീട്ടിവച്ചാല്‍ അടുത്തയാഴ്ച ആരംഭിക്കേണ്ട ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) രണ്ടാം ഘട്ടത്തിനുള്ള ഒരുക്കങ്ങളെ ബാധിക്കുമായിരുന്നു. ഐപിഎല്‍ ടീമുകള്‍ ആഴ്ചകള്‍ക്കു മുന്‍പുതന്നെ യുഎഇയിലെത്തി ഒരുക്കം ആരംഭിച്ചതാണ്. ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഐപിഎല്‍ താരങ്ങള്‍ ടൂര്‍ണമെന്റിനുശേഷം യുഎഇയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ടെസ്റ്റ് നീട്ടുവച്ചാല്‍ ഐപിഎലിനെയും തൊട്ടുപിന്നാലെ ആരംഭിക്കേണ്ട ട്വന്റി20 ലോകകപ്പിനെയും ബാധിക്കുമെന്നതിനാലാണ് മത്സരം റദ്ദാക്കിയത്.

കോവിഡ് ക്ഷണിച്ചു വരുത്തിയത്
ravi-shastri
ബയോ ബബ്ള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കോവിഡ് ഭീതിയുടെ നിഴലിലാക്കിയതെന്നു വിലയിരുത്തല്‍. നാലാം ടെസ്റ്റിനു മുന്‍പ് ടീം ഹോട്ടലില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ ബയോ ബബ്ള്‍ ലംഘിച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബോളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും പങ്കെടുത്തിരുന്നു. പുറത്തുനിന്നുള്ള അതിഥികള്‍ക്കും പ്രവേശനമുണ്ടായിരുന്ന ഈ ചടങ്ങില്‍വച്ചാണ് ശാസ്ത്രിക്കു വൈറസ് ബാധയുണ്ടായതെന്നാണ് ബിസിസിഐയുടെ നിഗമനം.

ആന്റിജന്‍ പരിശോധനയില്‍ ശാസ്ത്രിക്കു മാത്രമാണ് രോഗം കണ്ടെത്തിയത്. എന്നാല്‍, ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ ഭരത് അരുണിനും ആര്‍ ശ്രീധറിനും ഫിസിയോ നിതിന്‍ പട്ടേലിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 10 ദിവസം ഐസലേഷനില്‍ കഴിയണമെന്നതിനാല്‍ ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്കു സഞ്ചരിക്കാന്‍ ഇവര്‍ക്കായില്ല. അഞ്ചാം ടെസ്റ്റിനുശേഷം കളിക്കാര്‍ക്കു വിവിധ ഐപിഎല്‍ ടീം ക്യാംപുകളില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ മാഞ്ചസ്റ്ററില്‍ ഐപിഎല്‍ ബയോ ബബ്ള്‍ ഒരുക്കുമെന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് ടീമില്‍ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് ഋഷഭ് പന്ത് കോവിഡ് ബാധിതനായത് വിവാദമായിരുന്നു. പന്ത് യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയതു വലിയ വിമര്‍ശനത്തിനും കാരണമായി. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമംഗങ്ങള്‍ക്കു കത്തെഴുതുകയും ചെയ്തു. ഇതു ലംഘിച്ചാണു ശാസ്ത്രിയും സംഘവും ചടങ്ങില്‍ പങ്കെടുത്തത്.

Most Popular