അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; 2 പേർ മരിച്ചു

അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിംഗ് ഏരിയയ്ക്ക് സമീപം ഇന്ത്യൻ സൈന്യത്തിന്റെ അഡ്വാൻസ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ തകർന്ന് വീണു. അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിംഗ് ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള സിംഗിംഗ് ഗ്രാമത്തിൽ ഇന്ന് രാവിലെ 10:43 ഓടെയാണ് അപകടമുണ്ടായത്. റോഡ് വഴി എത്തിച്ചേരാനാകാത്ത പർവതപ്രദേശത്തു അപകടമുണ്ടായത് കൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ട് സൈനികരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
സംസ്ഥാനത്ത് ഈ മാസം കരസേനയുടെ അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ ആണിത്. ഒക്‌ടോബർ അഞ്ചിന് സമാനമായി തവാങ് ജില്ലയിൽ ചീറ്റ ഹെലികോപ്റ്റർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ മരിച്ചിരുന്നു.