അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരുള്‍പ്പെടെ 8 പേര്‍ മുങ്ങിമരിച്ചു

ഒട്ടാവ: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ടു പേര്‍ ബോട്ട് അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു വയസിനു താഴെയുള്ള രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. റുമേനിയന്‍, ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരാണു മരിച്ചത്.

ന്യുയോര്‍ക്കിനു വടക്കുള്ള സെന്റ് ലോറന്‍സ് നദിയില്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. പാറയിലോ മഞ്ഞുകട്ടയിലോ ഇടിച്ചായിരിക്കാം ബോട്ട് അപകടത്തില്‍ പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓക്‌വെന്‍സോ മേഖലയിലെ ചതുപ്പ് പ്രദേശത്താണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുഎസിന്റെ അതിര്‍ത്തികളില്‍ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ നിരവധി അഭയാര്‍ഥികളാണ് കാനഡയിലെ ക്യുബെക്, ഒന്റാറിയോ മേഖലകളിലൂടെ യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്.