ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 11 കോടി നഷ്ടപരിഹാരം

2019-ല്‍ ദുബായില്‍ സംഭവിച്ച അപകടത്തില്‍ തകര്‍ന്ന ബസ്.

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് അഞ്ച് ദശലക്ഷം ദിര്‍ഹം (11 കോടിയലധികം രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ബെയ്ഗ് മിര്‍സയ്ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. 2019-ലാണ് അപകടം സംഭവിച്ചത്. ഒമാനില്‍ നിന്ന് ദുബായിലേക്കു പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേരാണു മരിച്ചത്.

ഒരു മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കിങ് എന്‍ട്രി പോയിന്റിലെ ഓവര്‍ഹെഡ് ഹൈറ്റ് ബാരിയറില്‍ ബസ് ഇടിക്കുകയായിരുന്നു. 31 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുകളിലെ ഇടത് ഭാഗം തകര്‍ന്നുവീണു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാന്‍ സ്വദേശിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും 3.4 മില്യണ്‍ ദിര്‍ഹം പിഴയും കോടതി വിധിച്ചു. ഈ പണം മരിച്ചവരുടെ ബന്ധുക്കള്‍ക്കു നല്‍കണമെന്നും കോടതി പറഞ്ഞു.

ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ മസ്‌ക്കറ്റില്‍ പോയതായിരുന്നു മിര്‍സ. തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മിര്‍സയെ ദുബായിയിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളം മിര്‍സ അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്‌ക ക്ഷതം സംഭവിച്ച മിര്‍സ സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിലയിരിത്തിയിരുന്നു.