കുവൈത്ത്:വ്യാജ കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഇന്ത്യൻ പ്രവാസി നേഴ്സ് ഉൾപ്പടെ മൂന്ന് നഴ്സുമാർ കുവൈത്തിൽ അറസ്റ്റിലായി.
കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. വാക്സിന് എടുക്കാത്തവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് പിടിയിലായത്. ഒരാള്‍ ഇന്ത്യക്കാരനും മറ്റ് രണ്ട് പേര് ഈജിപ്ത് സ്വദേശികളുമാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.
250 മുതല്‍ 300 ദിനാര്‍ വരെയാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ചിലവാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ നഴ്സുമാരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. വ്യാജ വാക്സിൻ നിർമാണത്തിൽ പങ്കുള്ളവരെ പിടികൂടാൻ സുരക്ഷാ വകുപ്പുകൾ ആരോഗ്യ മന്ത്രാലയയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രാലയം വ്യക്തമാക്കി.